എന്തിനാണ് ട്രെയിന്റെ അവസാന ബോഗിയ്ക്ക് പിന്നില്‍ X എന്നെഴുതുന്നത്
ട്രെയിനില്‍ യാത്ര ചെയ്യാത്തവര്‍ കുറവായിരിക്കും. ഇനി അഥവാ യാത്ര ചെയ്തിട്ടില്ലെങ്കിലും കുഴപ്പമില്ല.ലെവല്‍ ക്രോസില്‍ കിടക്കുമ്പോഴെങ്കിലും കൂകിപാഞ്ഞ് പോകുന്ന ട്രെയിനെ കണ്ടിട്ടുണ്ടാകുമല്ലോ?
പൊരിവെയിലത്ത് ലെവല്‍ ക്രോസില്‍ കിടക്കുമ്പോള്‍ കടന്ന് പോകുന്ന ട്രെയിനിന്റെ പുറകില്‍ കാണുന്ന ആ എക്സ് മാര്‍ക്ക് കണ്ടാല്‍ ഒരു ആശ്വാസം തോന്നാറില്ലേ? പെരുമ്പറ കൊട്ടി ട്രെയിന്‍ അകന്ന് പോകുമ്പോള്‍ കാണുന്ന ആ എക്സ് മാര്‍ക്ക് ഗേറ്റ് ഇപ്പോള്‍ തുറക്കുമെന്ന തോന്നല്‍ മനസിലേക്ക് കൊണ്ടുവരില്ലേ? എന്നാല്‍ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ എന്തിനാണ് ഇങ്ങനെ ഒരു അക്ഷരം ഇതിന് പിന്നില്‍ എഴുതിയിരിക്കുന്നതെന്ന്.
അവസാന ബോഗിയിലെ ഈ മാര്‍ക്ക് സത്യത്തില്‍ ട്രെയിനെ കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ ഭൂരിഭാഗം പേരുടെയും മനസില്‍ ഓടിയെത്തുക രണ്ട് കാര്യമാണ്. ഒന്ന് എന്‍ജിന്‍ അല്ലെങ്കില്‍ അവസാന ബോഗിയിലെ ഈ മാര്‍ക്ക്. അല്ലേ?എക്സ് മാര്‍ക്ക് മാത്രമല്ല ഇതിന് താഴെ എല്‍വി എന്നെഴുതിയിരിക്കും. ചിലപ്പോള്‍ ചുവന്ന ലൈറ്റും കാണാം. എന്നെങ്കിലും ആലോചിച്ചിട്ടുണ്ടോ എന്തിനാ ഇത്തരം ‘ഡെക്കറേഷനുകള്‍’ ട്രെയിന് പിന്നിലെന്ന്? എന്നാല്‍ മനസിലാക്കിക്കോ … ഇതാണ് ആ ട്രെയിനിലെ അവസാന ബോഗി എന്ന് കാണിക്കാനാണ് x എന്ന് എഴുതുന്നത്. ട്രെയിനില്‍ നിന്ന് ഒരു ബോഗിയും വേര്‍പ്പെട്ടിട്ടില്ലെന്ന് ഈ മാര്‍ക്ക് കണ്ടാല്‍ മനസിലാക്കാം.
കാരണം അവസാന ബോഗിയില്‍ മാത്രമാണ് ഈ ചിഹ്നം ഉണ്ടാകുക. അവസാന ബോഗിയില്‍ ഈ മാര്‍ക്ക് ഉള്ളടുത്തോളം സമയം പിന്നില്‍ നിന്ന് യാത്രാ മധ്യേ ഒരു ബോഗിയും വേര്‍പ്പെട്ട് പോയിട്ടില്ലെന്ന് തീര്‍ച്ചപ്പെടുത്താനാവും. എവിടെ ഒരു ട്രെയിന്‍ ഈ xമാര്‍ക്കില്ലാതെ കണ്ടാലും അപകടം നടന്നുവെന്ന് ഉറപ്പിക്കാനാവും. x ബോര്‍ഡിന് താഴയുള്ള ചുവന്ന ലൈറ്റ്. ഈ ചുവന്ന ലൈറ്റിനും എക്സ് മാര്‍ക്കിന്റെ അതേ ചുമതല തന്നെയാണ്. പകല്‍ xബോര്‍ഡ് കാണുന്ന നമ്മള്‍ക്ക് രാത്രി ഇത് കാണാനാകുമോ? ഇല്ല, അപ്പോള്‍ രാത്രി എങ്ങനെ ഉറപ്പിക്കും അവസാന ബോഗി ഇതാണെന്ന്?
അതിനാണ് ഈ ചുവന്ന ലൈറ്റ്. തരംഗ ദൈര്‍ഘ്യം കൂടുതലായതിനാല്‍ എത്ര അകലെ നിന്നും ഈ ചുവന്ന ലൈറ്റ് അധികൃതര്‍ക്ക് കാണാനാവും. ഓരോ അഞ്ച് നിമിഷത്തിലും ഈ ലൈറ്റ് തെളിയുകയും അണയുകയും ചെയ്യും. രാത്രിയില്‍ ട്രെയിനുകള്‍ കടന്നുപോകുമ്പോള്‍ അതിന്റെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നത് ഈ ചുവന്ന ലൈറ്റ് നോക്കിയാണ്. ഇനി എല്‍വി എന്ന് കറുപ്പിലും മഞ്ഞയിലും എഴുതുന്നത് എന്തിനാണെന്ന് അറിയേണ്ടേ? ലാസ്റ്റ് വെഹിക്കിള്‍ എന്നതിന്റെ ചുരുക്കപ്പേരാണ് എല്‍വി.
ഇനി എല്‍വി ബോര്‍ഡില്ലാതെ ഏതെങ്കിലും ട്രെയിന്‍ കണ്ടാല്‍ മനസിലാക്കിക്കോളൂ. ചില വാഗണുകള്‍ ഇല്ലാതെയാണ് ഈ ട്രെയിന്‍ യാത്ര നടത്തുന്നതെന്ന്. ട്രെയിന്‍ സുരക്ഷിതമാണെന്ന് സ്ഥിരീകരിക്കുകയാണ് എല്‍വി ബോര്‍ഡിന്റെ ലക്ഷ്യം. ലൈന്‍ ക്ലിയര്‍ സിഗ്നല്‍ നേടിക്കഴിഞ്ഞാല്‍ നിലവിലുള്ള ബ്ലോക്കില്‍ നിന്നും അടുത്ത ബ്ലോക്ക് സെക്ഷനിലേക്ക് ബോഗികളെ കൊണ്ടുപോകുന്ന ട്രെയിനുകള്‍ക്ക് ഈ ബോര്‍ഡ് വയ്ക്കണമെന്ന് നിര്‍ബന്ധം ഇല്ല.

No comments: